നേര്
ഒരിക്കൽ ഒരു ചൈനീസ് കപ്പൽ വിലപിടിപ്പുള്ള അനേകം സാധനങ്ങളുമായി കച്ചവടത്തിന് പുറപ്പെട്ടു. എന്നാൽ വഴിമധ്യേ, കേരളത്തിന്റെ പുറങ്കടലിൽ, ആ കപ്പൽ മുങ്ങി. യാത്രക്കാർ തകർന്നു പോയ കപ്പലിന്റെ തടിക്കഷണങ്ങളിൽ അള്ളിപ്പിടിച്ചിരുന്ന് രക്ഷപ്പെടാൻ ശ്രമിച്ചു. ആ വഴി വന്ന മറ്റു കപ്പലുകൾ ചിലരെയെല്ലാം രക്ഷപ്പെടുത്തി. ചിലർ ദിവസങ്ങളോളം കടലിൽ ഒഴുകി നടന്ന് കരയണഞ്ഞു. കുറേയേറെ പേർ മരിച്ചു. കപ്പലിലുണ്ടായിരുന്ന ചരക്കുകൾ ഏറെക്കുറെ മുഴുവനായും നഷ്ടപ്പെട്ടു.
രക്ഷപ്പെട്ടവരിൽ കപ്പലിന്റെ ഉടമസ്ഥനും ഉണ്ടായിരുന്നു. ചരക്കുകൾ മിക്കതും മുങ്ങിപ്പോയെങ്കിലും പത്ത് ചീന ഭരണികൾ അയാൾ എങ്ങിനെയോ മുങ്ങിപ്പോകാതെ കാത്തിരുന്നു. ഒരു വിധം തീരത്തെത്തിച്ചേർന്നപ്പോഴേക്കും വിശപ്പും ദാഹവും കൊണ്ട് അയാൾ വല്ലാതെ വലഞ്ഞിട്ടുണ്ടായിരുന്നു.
ആദ്യം കണ്ട വീട്ടിലേക്ക് അയാൾകയറിച്ചെന്നു.
പാണ്ടം പറമ്പത്ത് ഭട്ടതിരിയുടെ ഇല്ലമായിരുന്നു അത്. വളരെ പഴയതും, പല ഭാഗങ്ങളും പൊളിഞ്ഞതുമായ ഒരു ഇല്ലം.
കച്ചവടക്കാരൻ വിളിച്ചു ചോദിച്ചു:
"ഇവിടെ ആരുമില്ലേ? ആരെങ്കിലും ഒന്ന് പുറത്തു വരാമോ?"
ഭട്ടതിരിയും ഭാര്യയും അവരുടെ നാലഞ്ചു മക്കളും കൂടി കഞ്ഞികുടിക്കാൻ ഇരിക്കുകയായിരുന്നു. വീട്ടിൽ ആകെയുണ്ടായിരുന്ന ഒരുപിടി അരിയിട്ടുണ്ടാക്കിയ കഞ്ഞിയാണ്.
ശബ്ദം കേട്ട് ഭട്ടതിരി പുറത്തുവന്നു. കച്ചവടക്കാരൻ ഉണ്ടായ സംഭവങ്ങളെല്ലാം വിവരിച്ചു. താൻ നാളുകളായി ഒന്നും കഴിച്ചിട്ടില്ലെന്നും എന്തെങ്കിലും കഴിക്കാൻ തരണമെന്നും അയാൾ പറഞ്ഞു. ഭട്ടതിരിയ്ക്കും കുടുംബത്തിനും അയാളോട് ദയ തോന്നി. സ്വന്തം കാര്യം മറന്ന് ഉണ്ടായിരുന്ന കഞ്ഞി മുഴുവൻ അവർ അയാൾക്ക് കൊടുത്തു.
"നിങ്ങൾ എന്റെ ജീവനാണ് രക്ഷിച്ചത്. ഈ ഉപകാരം ഞാൻ ഒരിക്കലും മറക്കില്ല. ഇതിനു പകരം തരാൻ എനിക്ക് ഇപ്പോൾ നിവൃത്തിയില്ല. പക്ഷേ എന്റെ നാട്ടിൽ പോയി തിരിച്ചുവരുമ്പോൾ ഞാൻ എന്റെ കഴിവിനൊത്ത് നിശ്ചയമായും പ്രത്യുപകാരം ചെയ്യും. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ." കച്ചവടക്കാരൻ ഉള്ളിൽ തട്ടി പറഞ്ഞു.
അയാൾ തുടർന്നു:
"ഒരു സഹായം കൂടി എനിക്ക് വേണ്ടി ചെയ്യണം. ഈ പത്തു ഭരണികൾ ഒഴികെ എനിക്ക് എല്ലാം നഷ്ടപ്പെട്ടു. ഞാൻ തിരിച്ചു വരും വരെ ദയവായി ഈ ഭരണികൾ ഇവിടെ സൂക്ഷിക്കണം."
ഭട്ടതിരി പറഞ്ഞു:
"ഇവിടെ വളരെ പരിമിതമായ സ്ഥലമേയുള്ളൂ. എന്നാലും, ഇതിവിടെ സൂക്ഷിച്ചു കൊള്ളാം. വിലപിടിപ്പുള്ളതൊന്നും ഭരണികളിൽ ഇല്ലെന്ന് കരുതുന്നു- ഇല്ലത്തിന് അത്രയ്ക്ക് അടച്ചുറപ്പൊന്നുമില്ലാ."
"വിലപിടിപ്പുള്ളത് ഒന്നുമില്ല. ഭരണികൾ നിറയെ പയറാണ്". കച്ചവടക്കാരൻ അറിയിച്ചു.
ഭട്ടതിരി സമ്മതിച്ചു. കച്ചവടക്കാരൻ യാത്രപറഞ്ഞു പോയി.
നാളുകൾ കഴിഞ്ഞു. ഭട്ടതിരിയുടെ കഷ്ടപ്പാടുകൾ കൂടിവന്നു. ഒരു ദിവസം ഇല്ലത്തു ഒരു പിടി അരി പോലും ഇല്ലാതെയായി.
വൈകുന്നേരത്തോടെ കുട്ടികൾ കരയാൻ തുടങ്ങി. എന്തുചെയ്യണമെന്നറിയാതെ ഭട്ടതിരിയും ഭാര്യയും വിഷമിച്ചിരുന്നു.
കുഞ്ഞുങ്ങളുടെ വിശപ്പു കണ്ടു സഹിക്കാനാവാതെ ഭാര്യ പറഞ്ഞു:
"ആ ചൈനക്കാരൻ ഇവിടെ വെച്ചിട്ട് പോയ ഭരണികൾ നിറയെ പയറാണെന്നല്ലേ പറഞ്ഞത്. അതിൽ നിന്നൊരല്പം എടുത്ത് മക്കൾക്ക് പാകം ചെയ്തു കൊടുത്താലെന്താ? നമ്മൾ കഴിക്കണ്ടാ: ഈ കുഞ്ഞുങ്ങളെ എങ്ങനെ പട്ടിണിക്കിടും?"
ഇത് കേട്ട് ഭട്ടതിരി പറഞ്ഞു:
"അതൊക്കെ ശരിതന്നെ. പക്ഷേ, ഒരാൾ വിശ്വസിച്ചേൽപ്പിച്ച മുതൽ സമ്മതമില്ലാതെ നമ്മൾ എങ്ങനെയെടുക്കും? അതിലും ഭേദം പട്ടിണി കിടന്നു മരിക്കുന്നതല്ലേ? "
ഭാര്യ പറഞ്ഞു:
"കുഞ്ഞുമക്കളുടെ വിശപ്പ് അകറ്റാൻ ഇത് ചെയ്താൽ അതൊരു മഹാപാപം ആകുമെന്ന് ഞാൻ കരുതുന്നില്ല. കച്ചവടക്കാരൻ തിരിച്ചുവരുമ്പോഴേക്കും നമുക്കത് എങ്ങനെയെങ്കിലും തിരിച്ചുവയ്ക്കാം. ഇനിയിപ്പോൾ നമ്മുടെ യഥാർത്ഥ സ്ഥിതി അറിഞ്ഞെങ്കിൽ അയാൾ എതിരൊന്നും പറയില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. ആയാളും അറിഞ്ഞതല്ലേ വിശപ്പിന്റെ കടുപ്പം."
ഏറെ നേരത്തെ തർക്കത്തിനൊടുവിൽ ഭരണി തുറന്ന് അല്പം പയർ എടുക്കാൻ ഭട്ടതിരി തീരുമാനിച്ചു. അയാൾ ഭരണികളിലൊന്ന് തുറന്ന്, ഒരു പിടി പയർ കയ്യിലെടുത്തു. കയ്യിൽ കിട്ടിയത് പയറു മാത്രമല്ല എന്നു തോന്നി പുറത്തു വെളിച്ചത്തിൽ കൊണ്ടുപോയി നോക്കിയ ഭട്ടതിരി അത്ഭുതപ്പെട്ടു പോയി.പയറിനൊപ്പം സ്വർണനാണയങ്ങളും... അകത്തെ മുറിയിൽ ഇരുട്ടായതിനാൽ ഒരു വിളക്ക് കത്തിച്ച് അയാൾ ഭരണികൾ മുഴുവൻ പരിശോധിച്ചു. ഭരണികൾ നിറയെ സ്വർണ്ണനാണയങ്ങളാണെന്നും പയർ മുകളിൽ മാത്രമാണെന്നും അദ്ദേഹത്തിന് മനസ്സിലായി. ഭട്ടതിരി ആദ്യത്തെ ഭരണിയിൽ നിന്ന് ഒരു സ്വർണനാണയം എടുത്തു. ശേഷം എല്ലാ ഭരണികളെല്ലാം ഭദ്രമായി കെട്ടിവെച്ചു. അങ്ങാടിയിൽ പോയി അരിയും മറ്റു അത്യാവശ്യ സാധനങ്ങളും വാങ്ങി വന്നു. എത്രയും പെട്ടെന്ന് ഭക്ഷണം ഉണ്ടാക്കി എല്ലാവരും വയറു നിറയെ കഴിച്ചു. ശേഷിച്ച തുച്ഛമായ പണംകൊണ്ട് അദ്ദേഹം ഒരു ചെറിയ കച്ചവടം തുടങ്ങി. ഭട്ടതിരിയുടെ കഠിനാധ്വാനം കൊണ്ടും ബുദ്ധികൊണ്ടും കച്ചവടം മെല്ലെ മെല്ലെ അഭിവൃദ്ധിപ്പെട്ടു. താമസിയാതെ അത് വലിയ കച്ചവടമായി മാറുകയും ചെയ്തു. അദ്ദേഹത്തിന് കച്ചവടത്തിൽ നിന്ന് ധാരാളം പണം ഉണ്ടാക്കാൻ കഴിഞ്ഞു.
കച്ചവടക്കാരന്റെ ഭരണിയിൽ നിന്നെടുത്ത പണം നേരത്തെ തന്നെ അദ്ദേഹം തിരിച്ചു വച്ചിരുന്നു. പിന്നെ കച്ചവടക്കാരന്റെ ഭരണിയുടെ പകുതി വലിപ്പമുള്ള പത്തു ചെറിയ ഭരണികൾ വാങ്ങി അവ ഓരോന്നിലും സ്വർണനാണയങ്ങൾ നിറച്ച് അവയും ഭദ്രമായി അടച്ചു കെട്ടിവച്ചു. കച്ചവടം വീണ്ടും അഭിവൃദ്ധിപ്പെട്ടപ്പോൾ ഭട്ടതിരി വലിയൊരു മാളിക പണിതു.
കാലം കടന്നുപോയി. നീണ്ട 12 വർഷങ്ങൾക്കു ശേഷം ഒരു ദിവസം കച്ചവടക്കാരൻ ഒരു കപ്പൽ നിറയെ സാധനങ്ങളുമായി ആ തീരത്തെത്തിച്ചേർന്നു.അയാൾ തന്റെ ഭരണികൾ സൂക്ഷിച്ച ഇല്ലം തേടിച്ചെന്നു. എന്നാൽ ഏറെ നടന്നെങ്കിലും ആ ഇല്ലം അയാൾക്ക് കണ്ടെത്താൻ കഴിഞ്ഞില്ല. ആ സ്ഥലത്ത് വലിയൊരു മാളികയാണ് ഉണ്ടായിരുന്നത്.
കച്ചവടക്കാരൻ അന്വേഷിച്ചപ്പോൾ അവിടുത്തെ ഭട്ടതിരിക്ക് ഒരു നിധി കിട്ടിയെന്നും അദ്ദേഹം ഇപ്പോൾ വലിയ പണക്കാരൻ ആണെന്ന് അറിയാൻ കഴിഞ്ഞു. ഭട്ടതിരി തന്നെ വഞ്ചിച്ചുവെന്ന് കച്ചവടക്കാരൻ ഉറപ്പിച്ചു. ഭരണികൾ തിരിച്ചെടുക്കാം എന്ന പ്രതീക്ഷ അയാൾക്ക് നഷ്ടപ്പെട്ടു.
എന്തായാലും ഒന്ന് കയറി ചോദിച്ചു നോക്കാം എന്ന് കരുതി ആ വീടിന്റെ മുറ്റത്തു ചെന്ന് വിളിച്ചു ചോദിച്ചു . ഇവിടെ ആരുമില്ലേ?
മാളികയുടെ മട്ടുപ്പാവിലിരിക്കുകയായിരുന്ന ഭട്ടതിരി, കച്ചവടക്കാരന്റെ ശബ്ദം തിരിച്ചറിഞ്ഞ് തിടുക്കത്തിൽ പുറത്തിറങ്ങി വന്നു. വളരെ സ്നേഹബഹുമാനങ്ങളോടെ അയാളെ വിളിച്ച് അകത്തിരുത്തി.
കച്ചവടക്കാരനെയും കൂടെയുള്ളവരെയും വേണ്ടവിധം സൽക്കരിച്ചതിനു ശേഷം ഭട്ടതിരി പറഞ്ഞു:
"അങ്ങ് എന്നോട് ക്ഷമിക്കണം. എന്നെ വിശ്വസിച്ച് ഏൽപ്പിച്ച ഭരണികളിൽ നിന്ന് അങ്ങയുടെ സമ്മതമില്ലാതെ ഞാൻ ഒരു പണം എടുത്തു ഉപയോഗിച്ചു. എന്റെ കഷ്ടപ്പാടുകൊണ്ട് ചെയ്തുപോയതാണ് .
പിന്നെ ഭട്ടതിരി കച്ചവടക്കാരൻ ഏല്പിച്ചു പോയ പത്തുഭരണികളും പുറത്തുകൊണ്ടുവന്ന് വെച്ചു. പിന്നാലെ ചെറിയ ഭരണികളും വച്ചു. എന്നിട്ട് പറഞ്ഞു:
"ഇതാ നിങ്ങളുടെ ഭരണികൾ. ഞാനെടുത്ത ഒരു സ്വർണ നാണയം ഞാൻ തിരിച്ചുവച്ചിട്ടുണ്ട്. കൂടാതെ, ഈ ചെറിയ ഭരണികൾ ഞാൻ ചെയ്ത തെറ്റിന് പ്രായശ്ചിതമായി അങ്ങ് സ്വീകരിക്കുകയും വേണം "
കച്ചവടക്കാരൻ അന്തം വിട്ടു നിന്നുപോയി.
അയാൾ പറഞ്ഞു:
"എന്റെ സാധനം ഇത്രയും നാൾ ഭദ്രമായി സൂക്ഷിച്ചതിനു ഞാൻ അങ്ങെയ്ക്കല്ലേ പണം തരേണ്ടത്?"
ഭട്ടതിരി സമ്മതിച്ചില്ല.
"എന്റെ ഈ കാണുന്ന വീടും സമ്പത്തും അങ്ങയുടെ സ്വർണം കാരണം ഉണ്ടായതാണ്. അതുകൊണ്ട് എന്റെ മനസ്സമാധാനത്തിനു വേണ്ടി അങ്ങിതു സ്വീകരിക്കണം."
കച്ചവടക്കാരൻ ചെറിയ ഭരണികൾ സ്വീകരിച്ചില്ലെന്നു മാത്രമല്ല, തന്റെ പത്തു ഭരണികളിലൊന്ന്, അതിലുള്ള സ്വർണമടക്കം, ഭട്ടതിരിക്കു സമ്മാനമായി നൽകുകയും ചെയ്തു.
മടിച്ചു നിന്ന ഭട്ടതിരിയെ ആ ഭരണി നിർബന്ധപൂർവം ഏൽപ്പിച്ചു കച്ചവടക്കാരൻ യാത്ര പറഞ്ഞു പോയി.
നല്ലവനായ ഭട്ടതിരിയെക്കുറിച്ചും അദ്ദേഹത്തിന്റെ അഴകുള്ള നാടിനെക്കുറിച്ചും കച്ചവടക്കാരൻ അയാളുടെ മരണം വരെ കണ്ടവരോടൊക്കെ പറഞ്ഞുകൊണ്ടേയിരുന്നു.
കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലെ കഥയെ ആസ്പദമാക്കി തയ്യാറാക്കിയത്.
പുനരാവിഷ്കാരം: ഇൽയാസ്. കെ .പി .എ